വംശീയ വിവേചനം നേരിടേണ്ടിവന്നെന്നു നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍

വംശീയ വിവേചനം നേരിടേണ്ടിവന്നെന്ന ഗുരുതരമായ ആരോപണവുമായി സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ക്കെതിരെ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. മലയാളത്തിലെ പുതുമുഖ നടന്‍മാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ തുച്ഛമായ പ്രതിഫലമാണ് നിര്‍മാതാക്കള്‍ തനിക്ക് നല്‍കിയതെന്നും ഇത് വംശീയ വിവേചനമാണെന്നും സാമുവല്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചു.

സിനിമ വിജയിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്നായിരുന്നു നിര്‍മാതാക്കളുടെ വാഗ്ദാനം. ഇത് അവര്‍ പാലിച്ചില്ല. കറുത്ത വര്‍ഗക്കാരനായ മറ്റൊരു നടനും  ഇത് പോലുള്ള അനുഭവം ഉണ്ടാകരുത്. ഇന്ത്യയിലെ മറ്റു നടന്മാരെ അപേക്ഷിച്ച്‌ തുച്ഛമായ പ്രതിഫലമാണ് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ലഭിച്ചത്. മറ്റ് യുവനടന്മാരെ കണ്ട് പ്രതിഫലത്തുകയെ കുറിച്ച്‌ സംസാരിച്ചപ്പോഴാണ് വിവേചനം മനസ്സിലായതെന്നും സാമുവല്‍ പറയുന്നു.

കറുത്ത വര്‍ഗക്കാരനായത് കൊണ്ടും ആഫ്രിക്കന്‍ വംശജന് പണത്തിന്‍റെ മൂല്യം അറിയില്ല എന്ന തെറ്റിദ്ധാരണ കൊണ്ടുമാണ് ഈ വിവേചനം എന്നാണ് മനസ്സിലാക്കുന്നത്. സംവിധായകന്‍ സക്കരിയ്യ തന്നെ സഹായിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. നൈജീരിയയില്‍ തിരിച്ചെത്തിയിട്ടും വാഗ്ദാനം പാലിച്ചില്ല. സിനിമ പൂര്‍ത്തിയാക്കാനും പ്രചാരണത്തിനും തന്നെ ഉപയോഗിക്കാനുള്ള തന്ത്രം ആയിരുന്നു ഇതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

ആദ്യ ഫേസ്ബുക്ക് കുറിപ്പിന് വ്യാപകമായ  പ്രതികരണവുമായി മലയാളികള്‍ രംഗത്തെത്തിയതോടെ സാമുവല്‍ വീണ്ടും വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ തന്നോട് വംശീയ വിവേചനം കാണിച്ചു എന്നല്ല താന്‍ ഉദ്ദേശിച്ചത്. പ്രതിഫലക്കാര്യത്തില്‍ വംശീയ വിവേചനം നേരിടേണ്ടിവന്നു. കേരള സംസ്കാരവും ബിരിയാണിയും ഏറെ ഇഷ്ടപ്പെട്ടെന്നും സാമുവല്‍ രണ്ടാം കുറിപ്പില്‍ വിശദീകരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*