അറബി പണത്തിനും പി.എസ്.ജിയെ രക്ഷിക്കാനായില്ല

Realmadrid vs PSG
Realmadrid vs PSG

അറബിപ്പണവുമായി യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാരാകാമെന്ന പി.എസ്.ജിയുടെ സ്വപ്നത്തിന് ഇക്കുറിയും അകാല ചരമം. ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് റയൽ മഡ്രിഡിനോട് തോറ്റതോടെ പി.എസ്.ജിയുടെ കിരീടസ്വപ്നങ്ങൾ അവസാനിച്ചു.

ആദ്യ പാദത്തിൽ റയൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ച് ​ഗോളുകളുടെ ജയത്തോടെ റയൽ ക്വർട്ടറിലെത്തി. കഴിഞ്ഞ സീസണിലും പ്രീക്വാർട്ടറിലായിരുന്നു പി.എസ്.ജി തോറ്റ് പുറത്തായത്. അന്ന് എതിരാളികൾ ബാഴ്സലോണയെങ്കിൽ ഇക്കുറി റയലെന്ന വ്യത്യാസം മാത്രം.

സൂപ്പർ താരം നെയ്മറില്ലാതെയാണ് പി.എസ്.ജി കളിക്കാനിറങ്ങിയത്, മറുഭാ​ഗത്ത് മധ്യനിരയിലെ മാന്ത്രികന്മാരായ ടോണി ക്രൂസിനേയും ലൂക്കാ മോഡ്രിച്ചിനേയും സൈഡിലിരുത്തിയാണ് റയൽ ഇറങ്ങിയത്. അക്രമണവും പ്രത്യാക്രമണവുമായാണ് ആദ്യ പകുതിയിൽ ഇരുടീമുകളും കളിച്ചത്. എന്നാൽ പന്ത് കൂടുതൽ സമയം കൈവശം വെച്ചത് പി.എസ്.ജിയായിരുന്നു. ഇരുടീമുകൾക്കും ഒന്നിലേറെ സുവർണാവസരങ്ങൾ ലഭിച്ച ശേഷമാണ് ആദ്യ പകുതി അവസാനിച്ചത്.

രണ്ടാം പകുതി ആരംഭിച്ചതോടെ, പി.എസ്.ജി ആരാധകർ സ്റ്റേഡിയത്തിൽ ആവേശത്തിലായി. ​ഗാലറിയിൽ പടക്കം പൊട്ടിച്ചു മറ്റുമാണ് അവർ ആഘോഷിച്ചത്. 51-ാം മിനിറ്റിൽ പാരീസ് നഗരത്തിന്റെ ഹൃദയം കീറിമുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ​ഗോൾ നേടി. പി.എസ്.ജിയുടെ ഡാനി ആൽവസിന്റെ പിഴവിൽ നിന്ന് ലഭിച്ച പന്തുമായി അസെൻസിയോ നടത്തിയ മുന്നേറ്റത്തിനൊടുവിൽ, പന്ത് ലൂക്കാസ് വാസ്ക്വസിന് നൽകി. വാസ്ക്വസ് ബോക്സിലേക്കുയർത്തിവിട്ട ക്രോസിൽ നിന്ന് ഉയർന്ന് ചാടി റൊണാൾഡോ തൊടുത്ത ബുള്ളറ്റ് ഹെഡർ പി.എസ്.ജിയുടെ വലയിൽ കേറിയപ്പോൾ ​ഗോളിക്ക് നോക്കിനിൽക്കാനെയായുള്ളു.

തുടർന്ന് അക്രമിച്ച് കളിച്ച പി.എസ്.ജി പലപ്പോഴും റയൽ ബോക്സിലേക്ക് ഇരച്ചുകയറി. എന്നാൽ സെർജിയോ റാമോസും റാഫേൽ വരേനും ഉരുക്കുകോട്ടതീർത്ത് പാരീസ് സ്വപന്ങ്ങൾ തകർത്തു. ഇതിനിടയിൽ പി.എസ്.ജി താരം മാർക്കോ വെരറ്റി ചുവപ്പുകാർഡ് കണ്ട് പുറത്തായി. 71-ാം മിനിറ്റിൽ എഡിൻസൻ കാവാനി പി.എസ്.ജിക്കായി സമനില ​ഗോൾ നേടി. റയൽ ബോക്സിനുള്ളിൽ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ​ഗോൾ. എന്നാൽ 80-ാം മിനിറ്റിൽ മധ്യനിരതാരം കാസിമറോ റയലിനായി രണ്ടാം ​ഗോളും നേടി. ഇതോടെ പി.എസ്.ജി പതനം പൂർത്തിയായി. നെയ്മറിന് പകരക്കാരനായി പി.എസ്.ജി നിരയിലിറങ്ങിയ എയ്ഞ്ചൽ ഡി മരിയ നിരാശപ്പെടുത്തി. മറുഭാ​ഗത്ത് റയലിനായി, ​ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച രണ്ട് അവസരങ്ങൾ നഷ്ടപ്പെടുത്തിയത് കരീം ബെൻസിമയാണ്.

ചാമ്പ്യൻസ് ലീ​ഗിലെ മറ്റൊരു മത്സരത്തിൽ എഫ്.സി പോർട്ടോയെ ​ഗോൾരഹിത സമനിലയിൽ കുരുക്കി ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളും ക്വാർട്ടറിലെത്തി. ആദ്യ പാദ മത്സരത്തിൽ നേടിയ എതിരില്ലാത്ത അഞ്ച് ​ഗോൾ ജയത്തോടെയാണ് ലിവർപൂളിന്റെ ക്വാർട്ടർ പ്രവേശം.

Be the first to comment

Leave a Reply

Your email address will not be published.


*