ചെന്നൈയ്ന്‍ കാത്തു, ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിന്

isl 2017 chennai vs mumbai
Chennai vs Mumbai

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേഓഫില്‍ കടക്കാന്‍ സാധിച്ചില്ലെങ്കിലും പ്രഥമ സൂപ്പര്‍ കപ്പിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് യോഗ്യത. മുംബൈ സിറ്റിയെ ചെന്നൈയ്ന്‍ എഫ്‌സി 1-0ത്തിന് തോല്പിച്ചതാണ് മഞ്ഞപ്പടയ്ക്ക് തുണയായത്. ജയിച്ചാല്‍ മാത്രം സൂപ്പര്‍ കപ്പെന്ന ബോധ്യത്തിലിറങ്ങിയ മുംബൈയ്ക്ക് മുന്നേറ്റങ്ങള്‍ ഒരുക്കിയെടുക്കാന്‍ സാധിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അറുപത്തേഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് റെനെ മിഹിലിച്ചാണ് ചെന്നൈയ്‌നായി വലകുലുക്കിയത്. ജയത്തോടെ 32 പോയിന്റുമായി ചെന്നൈയ്ന്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇതോടെ ബെംഗളൂരു എഫ്‌സിയുമായി പ്ലേഓഫ് കളിക്കുന്നതില്‍ നിന്നും ടീം രക്ഷപ്പെട്ടു.

നാലു മാറ്റങ്ങളുമായാണ് സൂപ്പര്‍ കപ്പ് ലക്ഷ്യമാക്കി മുംബൈ ഇറങ്ങിയത്. മറുവശത്ത് പ്ലേഓഫ് ഉറപ്പിച്ച ചെന്നൈയ്‌ന് ഇത് നിര്‍ണായക മത്സരത്തിനു മുമ്പുള്ള പരിശീലനമായിരുന്നു. തുടക്കം മുതല്‍ മുംബൈയാണ് കൂടുതല്‍ ആക്രമണോത്സുകത കാഴ്ച്ചവച്ചത്. ആദ്യ നിമിഷങ്ങളിലെ നിസംഗതയ്ക്കു ശേഷം ചെന്നൈയ്ന്‍ കളിയിലേക്ക് തിരിച്ചു വന്നതോടെ മുംബൈ ബോക്‌സില്‍ പലകുറി പന്തെത്തിക്കാന്‍ അവര്‍ക്കായി. ആദ്യ പകുതിയില്‍ വിയര്‍ത്തു കളിച്ചെങ്കിലും ഗോള്‍വല കുലുക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചില്ല.

സൂപ്പര്‍ കപ്പിന് യോഗ്യത നേടണമെങ്കില്‍ അവസാന മത്സരത്തില്‍ ജയം തന്നെ വേണ്ടിയിരുന്നു മുംബൈ സിറ്റിക്ക്. 18 കളികള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന് 25 പോയിന്റാണുള്ളത്. ഈ മത്സരത്തിനു മുമ്പ് 23 പോയിന്റുണ്ടായിരുന്ന മുംബൈ ചെന്നൈയ്‌നെ തോല്പിച്ചിരുന്നെങ്കില്‍ 26 പോയിന്റുമായി സൂപ്പര്‍ ലീഗിന് നേരിട്ടു യോഗ്യത നേടിയേനെ.

Be the first to comment

Leave a Reply

Your email address will not be published.


*